തിരുവനന്തപുരം: ( www.truevisionnews.com ) കാട്ടാക്കടയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. സ്വര്‍ണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. പെരുംകുളം മുതയില്‍ എസ്.ബി. സുനില്‍കുമാറിന്റെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്.

ഏഴു പവന്‍ സ്വര്‍ണവും 60,000 രൂപയും കള്ളന്‍ കൊണ്ട് പോയതായാണ് പരാതി. രണ്ട് മുറികളിലായി ഉണ്ടായിരുന്ന മേശകളില്‍ നിന്നാണ് സ്വര്‍ണവും പണവും മോഷ്ടിച്ചിരിക്കുന്നത്.
വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റായ സുനില്‍കുമാര്‍ വൈകുന്നേരം ആറുമണിക്ക് കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള സ്ഥാപനത്തില്‍ പോയി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തു കടന്നാണ് മോഷണം നടത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.
വാതിലുകള്‍ എല്ലാം തകര്‍ത്ത നിലയിലാണ്. മേശകളും അലമാരകളും കുത്തിത്തുറന്ന് സാധനങ്ങള്‍ എല്ലാം വലിച്ചുവാരി ഇട്ടിട്ടുണ്ട്. സുനില്‍ ഉടന്‍തന്നെ കാട്ടാക്കട പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രഥമിക പരിശോധന നടത്തുകയും ചെയ്തു.
സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടന്നുവരികയാണ്. സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. രാത്രി എട്ടുമണിക്കും 10 മണിക്കും ഇടയിലാണ് മോഷണം നടന്നതായി കരുതുന്നത്.
#Housebroken #tables #cupboards #smashed #goldmoneystolen
